വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345,49,76,952/- കോടി രൂപയുടെ ചെക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന് കൈമാറി. റോഡ് വികസന പദ്ധതിയുടെ എസ്.പി.വി ആയ കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജീജാബായി ആണ് ചെക്ക് കൈമാറിയത്. ബന്ധപ്പെട്ടയാളുകൾക്ക് നഷ്ടപരിഹാരം നല്കി ഭൂമിയേറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന 341.79 കോടി രൂപ പുനർ നിർണ്ണയിച്ച് 660 കോടി രൂപയുടെ ഭരണാനുമതി കിഫ്ബിയിൽ നിന്ന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വി കൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. മൂന്ന് റീച്ചുകളിലെയും സർവ്വേ നടപടികൾ പൂർത്തിയായി കഴിഞ്ഞു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
പുനരധിവാസ പദ്ധതിയുടെ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. പേരൂർക്കട വില്ലേജിലെ 0.9369 ഹെക്ടർ ഭൂമിയാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വസ്തു ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരമായി നൽകേണ്ട 60,08,34,218 രൂപ കിഫ്ബി ട്രിഡയ്ക്ക് അനുവദിക്കുകയും ട്രിഡ ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 28,94,000 രൂപ വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വട്ടിയൂർക്കാവിൽ വർഷങ്ങളായുള്ള ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിലാണ് ജംഗ്ഷൻ വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചത്.
ചടങ്ങിൽ ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, പേരൂർക്കട വാർഡ് കൌൺസിലർ ജമീല ശ്രീധരൻ, ട്രിഡ സെക്രട്ടറി എൽ.എസ്. ദീപ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, കിഫ്ബി സ്പെഷ്യൽ തഹസിൽദാർ ഷീജ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.