സി.എം.ഡി.ആർ.എഫിലേക്ക് 100 രൂപ ചലഞ്ച്

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമായി 250 ലേറെ സഹോദരങ്ങളുടെ ജീവനാണ് നഷ്ടമായത്. 150 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരിത ബാധിത മേഖലയിൽ സഹായമൊരുക്കുന്നതിന് സംസ്ഥാനത്തെ സകല സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും കഠിന പ്രയത്നം ചെയ്യുകയാണ്. അതി തീവ്രമായ ഈ പ്രകൃതി ക്ഷോഭത്തിലും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ 1500 ലധികം പേരെ നമുക്ക് രക്ഷിക്കാനായി.
സമാനതകളില്ലാത്ത ഈ രക്ഷാ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിന് ബഹു. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭരണകൂടം ഒന്നിച്ചു പ്രവർത്തിക്കുകയാണ്. 5 മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും അപകട മേഖലയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം തന്നെ വയനാടിന്റെ പുനർ നിർമ്മാണത്തിന് നമുക്ക് കർമ്മ നിരതരാകേണ്ടതുണ്ട്. ദുരിതത്തിലകപ്പെട്ടവർക്ക് ആവശ്യമായ സഹായവുമായി നാടൊന്നാകെ അണിനിരക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, മരുന്നുകൾ തുടങ്ങി അവശ്യവസ്തുക്കൾ എല്ലാം തന്നെ ശേഖരിച്ച് ദുരിത മേഖലയിലേക്ക് എത്തിച്ചതായി വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

പുനരധിവാസ-പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇനി ആവശ്യം. വിലമതിക്കാനാവാത്ത മനുഷ്യ ജീവനുകൾക്കൊപ്പം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ദുരന്തത്തിലകപ്പെട്ട പ്രദേശത്തിന്റെ പുനർ നിർമ്മാണത്തിനും ദുരന്തത്തെ അതിജീവിച്ച സഹജീവികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനും വളരെ വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അവർക്ക് ആവശ്യമായ പാർപ്പിടവും അനുബന്ധ സൌകര്യങ്ങളും ഉപജീവന മാർഗ്ഗവും എല്ലാം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ നമുക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന ചെയ്യാം. നൂറ്റാണ്ടിലെ മഹാ പ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാമൊന്നിച്ച് നമ്മുടെ നാടിനെ ദുരിതത്തിൽ നിന്നു കര കയറ്റിയതുപോലെ ഇത്തവണയും നമുക്ക് കൈകോർക്കാം. വയനാടിനൊപ്പം വട്ടിയൂർക്കാവ് എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100/- രൂപ ചലഞ്ച് പ്രഖ്യാപിക്കുകയാണ്. ഈ പരിപാടിയിൽ വട്ടിയൂർക്കാവിലെ പ്രായപൂർത്തിയായ എല്ലാ വ്യക്തികളും ഏറ്റവും കുറഞ്ഞത് 100/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകർ ആഗസ്റ്റ് 1 മുതൽ 7 വരെയുള്ള കാലയളവിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്താൻ ശ്രമിക്കും. സംഭാവനകൾ ഓൺലൈനിലൂടെ മാത്രം നൽകുക. ചെക്കും ഡി.ഡി യും കൈമാറാം. നേരിട്ട് പണമായി വോളണ്ടിയർമാർ സ്വീകരിക്കുന്നതല്ല.

ക്യാമ്പയിനിൽ പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധ പ്രവർത്തകർക്ക് vkprasanth.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT