വായനാവാരത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക് സൌജന്യമായി വീട്ടിലെത്തിച്ചു നല്കുന്ന പരിപാടി സമാപിച്ചു. വൈബിന്റെ രക്ഷാധികാരി കൂടിയായ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ മരുതംകുഴി മേഖലയിലെ വീടുകളിലെത്തി പുസ്തകങ്ങൾ കൈമാറി. എം.എൽ.എ യ്ക്ക് വിവിധ സ്വീകരണ പരിപാടികളിൽ നിന്നും ലഭിച്ചതും പ്രസാധകരോ എഴുത്തുകാരോ കൈമാറിയതുമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ലഭ്യമായ പുസ്തകങ്ങളുടെ വിവരം വി.കെ പ്രശാന്ത് എം.എൽ.എ യുടെ ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആദ്യം ആവശ്യമുന്നയിച്ചവർക്കാണ് പുസ്തകങ്ങൾ എത്തിച്ചു നല്കിയത്. വൈബിന്റെ പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി പുസ്തകങ്ങൾ വിതരണം ചെയ്തു വരികയായിരുന്നു. വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.