വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരിച്ചു. മരുതംകുഴി ഉദിയന്നൂർ ദേവി ആഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം പുറത്തിറക്കുന്ന പ്രതിവാര വാർത്താ പത്രികയുടെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ മുൻ മേയർ അഡ്വ. കെ ചന്ദ്രികക്ക് നൽകി നിർവ്വഹിച്ചു. കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഇ.ജി മോഹനൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, ശരണ്യ എസ് എസ്, കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, ഡി.ആർ അനിൽ, എം.എസ് കസ്തൂരി, സുരകുമാരി, അജിത് രവീന്ദ്രൻ, ജയചന്ദ്രൻ നായർ, പി രമ, റാണി വിക്രമൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നവകേരള സദസ്സ് വട്ടിയൂർക്കാവ് മണ്ഡലം കൺവീനറായ ഡെപ്യൂട്ടി കളക്ടർ സജികുമാർ, കുടുംബശ്രീ ഭാരവാഹികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 2023 ഡിസംബർ 23 ശനിയാഴ്ച്ചയാണ് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്. നെട്ടയം സെൻട്രൽ പോളിടെക്നിക് ഗ്രൌണ്ടിൽ സംഘടിപ്പിക്കുന്ന പരിപാടി നവകേരള സദസ്സിന്റെ സമാപനം കൂടിയാണ്. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സും ഇതേ വേദിയിൽ തന്നെയാണ് സംഘടിപ്പിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സംഘാടക സമിതി ഓഫീസ് ജവഹർ ബാലഭവനിലാണ് സജ്ജമാക്കിയിരിക്കുന്നത്. സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. വാർഡ് തല സംഘാടക സമിതികളുടെ യോഗം നവംബർ 20 മുതൽ 27 വരെയുള്ള തീയികളിൽ ചേരും. ഓരോ ബൂത്തിന് കീഴിലും 4 വീട്ടുമുറ്റ യോഗങ്ങൾ വീതം ചേരും. ഡിസംബർ 1 മുതൽ 10 വരെയാണ് വീട്ടുമുറ്റ യോഗങ്ങൾ ചേരുക. നവകേരള സദസ്സിന്റെ അനുബന്ധ പരിപാടിയായി മണ്ഡലത്തിലെ 10 കേന്ദ്രങ്ങളിൽ ശുചീകരണ പരിപാടി സംഘടിപ്പിക്കും. മോഡേൺ മെഡിസിൻ, ആയൂർവേദം, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകൾ, ക്യാൻസർ സ്ക്രീനിംഗ് സ്പെഷ്യൽ ക്യാമ്പ്, മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ സംഗമം, എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആശുപത്രി ശുചീകരണ പരിപാടി, ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമം, കുടുംബശ്രീ ഉൽപ്പന്ന പ്രദർശന-വിപണന മേള, ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നഗരക്കാഴ്ച്ച, അതിദാരിദ്ര്യ പട്ടികയിൽപ്പെട്ടവരുടെ ഭവന സന്ദർശനം, ഡാൻസ് ഫെസ്റ്റ്, ക്രിക്കറ്റ് മത്സരം, വോളിബോൾ മത്സരം, ബാറ്റ്മിന്റൺ മത്സരം, കുട്ടികൾക്കായുള്ള വിവിധ കലാ-കായിക മത്സരങ്ങൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങി നിരവധി പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.