വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ 2023 സെപ്റ്റംബർ 16 ശനിയാഴ്ച്ച ജില്ലാ കളക്ടർക്ക് കൈമാറും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ റോഡ് വികസന പദ്ധതിയുടെ എസ്.പി.വി ആയ കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ചെക്ക് കൈമാറുന്നത്. ജംഗ്ഷൻ വികസന പദ്ധതിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന 341.79 കോടി രൂപ പുനർ നിർണ്ണയിച്ച് 660 കോടി രൂപയ്ക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വി കൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. മൂന്ന് റീച്ചുകളിലെയും സർവ്വേ നടപടികൾ പൂർത്തിയായി കഴിഞ്ഞു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ നടപടികൾ അവസാന ഘട്ടത്തിലാണ്.
പുനരധിവാസ പദ്ധതിയുടെ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. പേരൂർക്കട വില്ലേജിലെ 0.9369 ഹെക്ടർ ഭൂമിയാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വസ്തു ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരമായി നൽകേണ്ട 60,08,34,218 രൂപ കിഫ്ബി ട്രിഡയ്ക്ക് അനുവദിക്കുകയും ട്രിഡ ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 28,94,000 രൂപ വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയോടൊപ്പം റവന്യൂ ടവറിന്റെ നിർമ്മാണവും വട്ടിയൂർക്കാവ് മാർക്കറ്റിന്റെ നവീകരണവും സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു.