കേശവദാസപുരത്ത് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റെസ്റ്റ് റൂമും പട്ടം, പൊട്ടക്കുഴി ജംഗ്ഷനുകളിൽ നിർമ്മിച്ച ഹൈടെക്ക് ബസ് ഷെൽട്ടറുകളും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. നാഷണൽ ഹൈവേയും എം.സി റോഡും ഒന്നിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനിൽ ശുചിമുറികളും വിശ്രമ മുറിയും മുലയൂട്ടൽ മുറിയും ഉൾപ്പെടെയാണ് റെസ്റ്റ് റൂം നിർമ്മിച്ചിരിക്കുന്നത്. എഫ്.എം റേഡിയോയും സുരക്ഷാ ക്യാമറകളും ഭിന്നശേഷി സൌഹൃദ റാമ്പും റെസ്റ്റ് റൂമിൽ സജ്ജമാക്കിയിട്ടുണ്ട്. കേശവദാസപുരം ജംഗ്ഷനിൽ ട്രിഡയുടെ ഉടമസ്ഥതയിലുള്ള കേദാരം ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൌണ്ടിലാണ് റെസ്റ്റ് റൂം നിർമ്മിച്ചിരിക്കുന്നത്. സിവറേജ് ലൈൻ സൌകര്യം ആ ഭാഗത്ത് ലഭ്യമല്ലാത്തതിനാൽ റോഡിന്റെ മറുഭാഗത്തു നിന്നും പ്രത്യേകം ലൈൻ സ്ഥാപിച്ച് കണക്ഷനും ഒരുക്കിയിട്ടുണ്ട്.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഹൈടെക്കാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഭാഗമായി പട്ടം ജംഗ്ഷനിലും പൊട്ടക്കുഴി വൈദ്യുതി ഭവന് സമീപവുമാണ് പുതിയ ബസ് ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്തത്. നേരത്തെ കേശവദാസപുരത്തും നന്തൻകോടും ഇതെ മാതൃകയിലുള്ള ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. സുഖകരമായ ഇരിപ്പിടങ്ങൾ, ഫ്രീ വൈഫൈ, എഫ്.എം റേഡിയോ, മാഗസിൻ സ്റ്റാൻഡ്, ടെലിവിഷൻ, മൊബൈൽ ചാർജ്ജിംഗ് പോയിന്റുകൾ, മികച്ച പ്രകാശ സംവിധാനം, എന്നിവ ഉൾപ്പെടെ ആകർഷകമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ദിയ അഡ്വടൈസേഴ്സാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പരിപാലനവും അവർ തന്നെയാണ് നിർവ്വഹിക്കുന്നത്. നിർമ്മാണത്തിനും പരിപാലനത്തിനും ആവശ്യമായ ഫണ്ട് പരസ്യ വരുമാനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്.
ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.കെ രാജു, കൌൺസിലർമാരായ അംശു വാമദേവൻ, ഡി. ആർ അനിൽ, അജിത് രവീന്ദ്രൻ, ജോൺസൻ ജോസഫ്, ദിയ അഡ്വടൈസേഴ്സ് പാർട്നർമാരായ മനോജ് കുമാർ ബി.ജി, പ്രസാദ് വി എസ്, ക്രീയേറ്റിവ് ഡയറക്ടർ ഗിരീഷ് കുളത്തൂർ, സംഘാടക സമിതി കൺവീനർ വിനീത് വി, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.