മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വട്ടിയൂർക്കാവ് നിയോജക മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റി യോഗവും നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗവും അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ അദ്ധ്യക്ഷനായി നിയോജക മണ്ഡലം തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ മാലിന്യ പരിപാലന സംവിധാനങ്ങൾ യോഗം വിലയിരുത്തി. ഉറവിട മാലിന്യ പരിപാലന സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങളുടെ പ്രവർത്തനം കുറ്റമറ്റമാക്കുന്നതിനും തീരുമാനിച്ചു. മണ്ഡലത്തിൽ നിലവിലുള്ള മാലിന്യ കൂമ്പാരങ്ങൾ വരുന്ന രണ്ട് മാസത്തിനുള്ളിൽ നീക്കം ചെയ്യും. ഉറവിട മാലിന്യ പരിപാലന സംവിധാനങ്ങൾക്ക് കൃത്യമായ പരിപാലനവും സേവനവും ഉറപ്പുവരുത്തുന്നതിന് കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ എസ് റീന, കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, അജിത്ത് രവീന്ദ്രൻ, റാണി വിക്രമൻ, ഐ.എം പാർവ്വതി, എം.എസ് കസ്തൂരി, പി രമ, സതികുമാരി, വട്ടിയൂർക്കാവ് നിയോജക മണ്ഡലം സാങ്കേതിക സമിതി അംഗങ്ങളായ കെ കെ കൃഷ്ണകുമാർ, ഷിബു കെ നായർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, ശുചിത്വമിഷൻ, നവകേരളം മിഷൻ, ജില്ലാ ഭരണകൂടം, ഹരിതകർമ്മസേന കൺസോർഷ്യം എന്നിവയുടെ പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.