വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ റീച്ചുകളിലെയും പുനരധിവാസ – പുന:സ്ഥാപന പാക്കേജിന്റെ പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മൂന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും ഹിയറിംഗ് മെയ് 29,30 തീയതികളിൽ വട്ടിയൂർക്കാവ് ഗവ. എൽ.പി.എസിലാണ് നടന്നത്. 65 പേർ പങ്കെടുത്തു. പേരൂർക്കട, കരകുളം വില്ലേജുകളിലെ വസ്തു ഉടമകളുടെയും വ്യാപാരികളുടേയും ഹിയറിങ്ങാണ് നടന്നത്. പായ്ക്കേജിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരു വിവരവും നിശ്ചയിച്ചിട്ടുള്ള തുകയും ഹിയറിഗിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 2017 ലെ ഉത്തരവു പ്രകാരമുള്ള പുനരധിവാസ – പുന:സ്ഥാപന പോളിസിയുടെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിച്ചിട്ടുള്ളത്. ആക്ഷേപമുള്ളവർക്ക് മതിയായ രേഖകൾ സഹിതം 7 ദിവസത്തിനുള്ളിൽ ലാൻഡ് അക്വിസിഷൻ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നല്കാവുന്നതാണ്. വട്ടിയൂർക്കാവ് ജംഗ്ഷനിൽ ട്രിഡ ഒരുക്കുന്ന പുനരധിവാസ പദ്ധതിയിൽ സ്ഥലം ആവശ്യമുള്ള അർഹരായ വ്യാപാരികൾക്ക് ഓപ്ഷൻ നൽകുന്നതിനുള്ള ഫോറം വിതരണം ചെയ്തു. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ 7 ദിവസത്തിനുള്ളിൽ മതിയായ രേഖകൾ സഹിതം ട്രിഡ സെക്രട്ടറിക്ക് കൈമാറേണ്ടതാണ്. ഹിയറിംഗിൽ എം.എൽ.എ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജോൺ ജേക്കബ്, കിഫ്ബി സ്പെഷ്യൽ തഹസിൽദാർ ഷീജ, കെ.ആർ.എഫ്.ബി. എഞ്ചിനീയർ ബിനു എന്നിവർ പങ്കെടുത്തു
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വി കൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. വികസനത്തിന്റെ ഭാഗമായി 570 ൽ പരം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി 219.75 കോടി രൂപയും കെ.ആർ.എഫ്.ബി ക്ക് അനുവദിച്ചിട്ടുണ്ട്. റീഹാബിലിറ്റേഷനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ട്രിഡയ്ക്ക് 60.08 കോടി രൂപ കൈമാറിക്കഴിഞ്ഞു. ആകെ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്.