വട്ടിയൂർക്കാവ് : കേശവദാസപുരത്തെ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബസ് കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ, ടെലിവിഷനുകൾ, സ്നാക്സ് ബാർ, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ബസുകളുടെ സമയക്രമം ടി.വി യിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടെയ്ക്കാവശ്യമായ വൈദ്യൂതി ഉൽപ്പാദിപ്പിക്കുന്നത് ബസ് ഷെൽട്ടറിനു മുകളിലായി ക്രമീകരിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നുമാണ്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നിർദ്ദേശ പ്രകാരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. തുടർ പരിപാലനത്തിന്റെ ചുമതലയും ദിയയ്ക്കു തന്നെയാണ്. പരസ്യ ഇനത്തിലുള്ള വരുമാനത്തിൽ നിന്നുമാണ് ഇതിലേക്കാവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. ദിയ അഡ്വർടൈസേഴ്സ് മാനേജിംഗ് പാർട്നർമാരായ മനോജ് കുമാർ, പ്രസാദ് വി.എസ്, ക്രീയേറ്റീവ് ഡയറക്ടർ ഗിരീഷ് കുളത്തൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൌൺസിലർമാരായ ജോൺസൻ ജോസഫ്, ഡി.ആർ അനിൽ, അംശു വാമദേവൻ, ടി.പി റിനോയ്, കേരള കോൺഗ്രസ് (സ്കറിയാ തോമസ്) ജില്ലാ പ്രസിഡന്റ് തമ്പാനൂർ രാജീവ്, കേരള അഡ്വർടൈസ്മെന്റ് ഇൻഡസ്ട്രിസ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹനൻ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.